ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി മൽസരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ കോൺഗ്രസ്. മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്‌ടോബറിൽ വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
പാർട്ടിയുടെ അഞ്ചു എംപിമാർക്കും രണ്ടു എംഎൽഎമാർക്കുമാണ് ചുമതലകൾ വീതിച്ച് നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്‌ഥാനപ്പെടുത്തിയാണ് ചുമതല. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ് എംഎൽഎമാർക്കും വിവിധ മേഖലകളുടെ ചുമതല നൽകിയത്.
എംകെ രാഘവൻ (തിരുവമ്പാടി), രാജ്‌മോഹൻ ഉണ്ണിത്താൻ (കൽപ്പറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ കുര്യാക്കോസ് (സുൽത്താൻ ബത്തേരി), ഹൈബി ഈഡൻ (വണ്ടൂർ) എന്നിവരാണ് ചുമതല ലഭിച്ച എംപിമാർ. സണ്ണി ജോസഫ് (മാനന്തവാടി), സിആർ മഹേഷ് (ഏറനാട്) എന്നിവരാണ് ചുമതല ലഭിച്ച എംഎൽഎമാർ. പ്രിയങ്ക ഗാന്ധിയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. റായ്‌ബറേലിയിൽ വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്.
Most Read| ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി





































