കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപവരെ അർജുന് ശമ്പളമുണ്ടെന്ന് പ്രചാരണം നടക്കുന്നതായും അർജുന്റെ കുടുംബം ആരോപിച്ചു.
നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും കുടുംബം പറഞ്ഞു. വാർത്താ സമ്മേളനം വിളിച്ചാണ് അർജുന്റെ കുടുംബത്തിന്റെ പ്രതികരണം.
”മനാഫിന് യൂട്യൂബ് ചാനലുണ്ട്. അർജുനോട് സ്‌നേഹമുണ്ടെങ്കിൽ എല്ലാകാര്യവും വീഡിയോ എടുക്കില്ലായിരുന്നു. വീഡിയോ എത്രപേർ കാണുന്നുണ്ട് എന്നൊക്കെയാണ് സംസാരിക്കുന്നത്. അർജുനോടും കുടുംബത്തിനോടും സ്‌നേഹമുണ്ടെങ്കിൽ അദ്ദേഹം ഇങ്ങനെ ചെയ്യില്ലായിരുന്നു. മനാഫും ഈശ്വർ മൽപേയും തമ്മിൽ നടത്തിയ നാടകമാണിത്.
ഓരോ ദിവസവും മൂന്നും നാലും വീഡിയോ ഇടുകയാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിർത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പ്രശസ്‌തിക്ക് വേണ്ടി അർജുനെ ചൂഷണം ചെയ്യുകയാണ്”- കുടുംബം കുറ്റപ്പെടുത്തി.
ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 72ആം ദിവസമാണ് ലോറിയും അർജുന്റെ ശരീര ഭാഗങ്ങളും കണ്ടെത്തിയത്. അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നും തനിക്ക് ഇനി മുതൽ മക്കൾ മൂന്നല്ല നാലാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്.
Most Read| സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്