തിരുവനന്തപുരം: ബലാൽസംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പോലീസ് ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം ഇന്ന് ഹാജരാക്കുമോയെന്ന കാര്യം വ്യക്തമല്ല.
ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച സിദ്ദിഖ് അറസ്റ്റ് ഉത്തരവ് നേടി.
ശേഷമാണ് സിദ്ദിഖ് ഒളിവുജീവിതം അവസാനിപ്പിച്ചത്. അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
2016ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് സിനിമാ ചർച്ചകൾക്കായി വിളിച്ചു ലൈംഗികമായി പീഡിപ്പിച്ചതെന്നും നടി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും







































