ജറുസലേം: വടക്കൻ ഗാസയിലെ ജബലിയയിലുമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബലിയയിൽ പത്ത് പേരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്ത് നിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീനികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ മേഖലയെന്ന് പറഞ്ഞാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. അതിനിടെ, ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ പൂർണമായി തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഹമാസ് വീണ്ടും സംഘം ചേരുന്നത് തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. അതിനിടെ, കൊടും പട്ടിണിയിൽ വീണ്ടും ആളുകൾ പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടനയും (യുഎൻ) വ്യക്തമാക്കി.
ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ സെപ്തംബറിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 1645 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. അതേസമയം, ലെബനനിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റാക്രമണം ഉണ്ടായെന്നും ഇത് പ്രതിരോധിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം