ബാബ സിദ്ദിഖി കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം

പ്രതികളായ ഹരിയാന സ്വദേശി ഗുൽമൽ സിങ്, യുപി സ്വദേശി ധരംരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. യുപി സ്വദേശി ശിവ്കുമാർ ഗൗതം, കേസുമായി ബന്ധമുള്ള നാലാമതൊരാൾ എന്നിവരെ കണ്ടെത്താനുണ്ട്.

By Senior Reporter, Malabar News
baba siddique
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം. കഴിഞ്ഞ ദിവസം രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്നുപേരാണ് സിദ്ദിഖിയെ വെടിവെച്ചതെന്ന് പോലീസ് പറയുന്നു.

പ്രതികളായ ഹരിയാന സ്വദേശി ഗുൽമൽ സിങ്, യുപി സ്വദേശി ധരംരാജ് കശ്യപ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. യുപി സ്വദേശി ശിവ്കുമാർ ഗൗതം, കേസുമായി ബന്ധമുള്ള നാലാമതൊരാൾ എന്നിവരെ കണ്ടെത്താനുണ്ട്. പ്രതികൾ ആഴ്‌ചകളോളം സിദ്ദിഖിയെ നിരീക്ഷിച്ചാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്ന്‌ പോലീസ് പറയുന്നു.

അക്രമികൾക്ക് മുൻകൂറായി 50,000 രൂപ വീതം നൽകി. 15 ദിവസം മുൻപ് ഇവർക്ക് തോക്കുകൾ കൈമാറി. നാലാം പ്രതിയാണ് തോക്കുകൾ എത്തിച്ചത്. കുർളയിലെ വാടകവീട്ടിൽ 14,000 രൂപ നൽകി ഇവർ 30 ദിവസത്തോളം താമസിച്ചു. സിദ്ദിഖിയെ കൊലപ്പെടുത്താനായി ഓട്ടോറിക്ഷയിലാണ് ഇവരെത്തിയത്. സിദ്ദിഖി എവിടെയാണ് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു.

ബാന്ദ്ര ഈസ്‌റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫീസിന് അടുത്തുവെച്ചാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30നാണ് വെടിവെപ്പുണ്ടായത്. ആറ് വെടിയുണ്ടകളിൽ നാലെണ്ണം സിദ്ദിഖിയുടെ നെഞ്ചിൽ കൊണ്ടു. ഗുരുതരമായി പരിക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ഭീഷണി ഉള്ളതിനാൽ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. വെടിവെപ്പ് നടക്കുന്ന സമയം ഇദ്ദേഹത്തിന്റെ കൂടെ പഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും ഉണ്ടായിരുന്നു.

വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്‌ണോയി സംഘാംഗം ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റിലായ രണ്ടുപേരും ബിഷ്‌ണോയി സംഘത്തിൽ ഉള്ളവരാണെന്ന് സമ്മതിച്ചതായാണ് വിവരം.

ബാബ സിദ്ദിഖി 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ളൈസ്, തൊഴിൽ, സഹമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു.

ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാബാ സിദ്ദിഖി. ഇദ്ദേഹം സംഘടിപ്പിക്കുന്ന പാർട്ടികളിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കാറുണ്ട്. സൽമാനും ഷാരൂഖും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചത് സിദ്ദിഖിയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

സൽമാൻഖാന്റെ വീടിന് നേരെ മാസങ്ങൾക്ക് മുൻപ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വെടിവെച്ചിരുന്നു. സൽമാനെ വധിക്കുമെന്നാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE