ന്യൂഡെൽഹി: ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ദക്ഷിണേന്ത്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പടെ പൊതുസുരക്ഷയ്‌ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നാണ് ട്രൂഡോയുടെ ആരോപണം.
കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ട്രൂഡോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചതായി കനേഡിയൻ പോലീസ് വ്യക്‌തമാക്കിയിരുന്നു.
”പൊതു സുരക്ഷയ്‌ക്ക് ഭീഷണിയായ കാര്യങ്ങളിൽ ഇന്ത്യൻ ഏജന്റുമാർ ഇടപെടുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) വ്യക്‌തമാക്കി. ഇതിൽ രഹസ്യ വിവരശേഖരണം, ദക്ഷിണേന്ത്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ, കൊലപാതകം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങളിൽ ഒരുമിച്ചു അന്വേഷണം നടത്താൻ കനേഡിയൻ ഏജൻസികൾ തയ്യാറായെങ്കിലും ഇന്ത്യൻ സർക്കാരും ഏജൻസികളും സഹകരിച്ചില്ല. ഇത് കാരണമാണ് തെളിവുകൾ ഇന്ത്യക്ക് കൈമാറിയത്.”- ട്രൂഡോ പറഞ്ഞു.
കാനഡയും ഇന്ത്യയുമായുള്ള ദീർഘകാലത്തെ ബന്ധം ഓർമപ്പെടുത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നതായും കാനഡയും അതേ രീതി പ്രതീക്ഷിക്കുന്നതായും വ്യക്‌തമാക്കി. 2023 ജൂണിൽ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്.
കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട് വന്നതോടെയാണ് വിഷയം വീണ്ടും രൂക്ഷമായത്. പിന്നാലെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്‌ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതോടെ, ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്‌ഥരോട് രാജ്യം വിടാൻ കാനഡ ആവശ്യപ്പെട്ടു.
Most Read| മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും