‘ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം’; പരാതിയുമായി നവീന്റെ സഹോദരൻ

എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് അഭിഭാഷകൻ കൂടിയാണ് നവീന്റെ സഹോദരൻ പ്രവീൺ ബാബു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

By Senior Reporter, Malabar News
pp divya and naveen babu

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പോലീസിനാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പിപി ദിവ്യക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനുമെതിരെ കേസെടുക്കണമെന്നാണ് അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബുന്റെ ആവശ്യം.

നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബു പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്‌ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎം കെ നവീൻ ബാബുവിന് കൈക്കൂലി നൽകേണ്ടിവന്നുവെന്ന സൂചനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിടി ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഈ മാസം പത്തിന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പരാതിക്കാരനായ ടിവി പ്രശാന്ത് മാദ്ധ്യമങ്ങൾക്ക് ഇന്നലെ കൈമാറിയിരുന്നു.

എന്നാൽ, പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ ഇല്ലെന്നാണ് ഇവരുടെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പടെയുള്ള മറുപടി ഇ-മെയിലിൽ ലഭിക്കും.

പരിയാരം ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തിന് സിഎംഒ പോർട്ടലിനെ കുറിച്ച് അറിയില്ലേ എന്നതും സംശയകരമാണ്. എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി തയ്യാറാക്കി മാദ്ധ്യമങ്ങൾക്ക് നൽകുകയായിരുന്നുവെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

പരിയാരം മെഡിക്കൽ കോളേജിലെ ഇലക്‌ട്രീഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ ആറിന് ക്വാർട്ടേഴ്‌സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. കൂടാതെ, സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ സംരംഭം തുടങ്ങാൻ സാധിക്കുമെന്നാണ് നിലനിൽക്കുന്ന മറ്റൊരു ചോദ്യം.

അതിനിടെ, അതിനിടെ, എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരൻ കച്ചവട സ്‌ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് എൻജിഒ അസോസിയേഷന്റെ ആവശ്യം.

അതേസമയം, നവീൻ ബാബുവിന്റെ വിയോഗത്തെ തുടർന്ന് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുകയാണ്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നവീൻ ബാബുവിന് നേരെ അഴിമതിയാരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

Sports| ഹാട്രിക്കുമായി കളംനിറഞ്ഞ് മെസ്സി; ബൊളീവിയക്കെതിരെ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE