തൃശൂർ: തൃശൂരിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെയാണ് നെടുപുഴ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ളാസ് ടീച്ചർ അഞ്ചുവയസുകാരനെ ക്രൂരമായി തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെയുമായി ക്രൂരമായി മർദ്ദനമേറ്റിട്ടുണ്ട്. ആദ്യം ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി കരയാത്തതിനെ തുടർന്ന് വീണ്ടും മർദ്ദിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പോലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ