ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ യഹ്യ കൊല്ലപ്പെട്ടതായി റിപ്പോർട് ചെയ്യുന്നുണ്ട്.
അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തി. യഹ്യ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്‌ഥിരീകരിക്കാൻ ശ്രമിച്ചു വരികയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഡിഎൻഎ പരിശോധനക്ക് ശേഷമേ ഇക്കാര്യം സ്‌ഥിരീകരിക്കാൻ കഴിയൂ എന്നാണ് ഇസ്രയേൽ സൈന്യം വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റിൽ ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹ്യ സിൻവർ ഹമാസ് തലവനായത്.
അതിനിടെ, തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്.
തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. അതിനിടെ, ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞദിവസം യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ