ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ദാന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്. ഒഡീഷയിൽ പലയിടങ്ങളിലും അതിശക്‌തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
അപകട സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആറുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോർ, ജഗൽസിങ്‌പുർ തുടങ്ങിയ ഇടങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെയാണ്. അതിശക്‌തമായ മഴയാണ് പ്രദേശങ്ങളിൽ പെയ്യുന്നത്. പലയിടങ്ങളിലും വൻമരങ്ങൾ ഉൾപ്പടെ കടപുഴകി വീണു. എന്നാൽ, ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നത് ആശ്വാസമാണ്.
വൈകുന്നേരത്തോടെ കാറ്റിന്റെ ശക്‌തി കുറഞ്ഞു ന്യൂനമർദ്ദമായി മാറും. തുടർന്ന് മണിക്കൂറിൽ 50 കിലോമീറ്റർ എന്ന രീതിയിൽ വേഗത കുറയും. 16 ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 5.84 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
ഇന്നലെ വൈകിട്ട് മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്‌തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗം ചേർന്ന് കരുതൽ നടപടികൾ വിലയിരുത്തിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!






































