കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മീഷനെ നിയോഗിച്ച് എൻസിപി. പിഎം സുരേഷ് ബാബു, ലതിക സുഭാഷ്, കെആർ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഇടതു എംഎൽഎമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും അജിത് പവാറിന്റെ എൻസിപി വഴി ബിജെപി പാളയത്തിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ആരോപണം പൂർണമായി തള്ളിയാണ് തോമസ് കെ തോമസിന്റെ പ്രതികരണം. നൂറുകോടി കോഴ കൊടുത്താല്‍ മുഖ്യമന്ത്രിയെങ്കിലും ആകണ്ടതല്ലേ എന്നാണ് തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തേക്കുറിച്ച് കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് ഇദ്ദേഹം പ്രതികരിച്ചത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞു.
കോഴ ആരോപണമെന്ന് പറയുന്നത് രണ്ട് എംഎല്‍എമാരെ കിട്ടാന്‍ ഞാന്‍ അങ്ങോട്ട് പൈസ കൊടുത്തെന്നല്ലേ. എംഎല്‍എമാരെ കിട്ടിയിട്ട് പുഴുങ്ങിത്തിന്നാനാണോ. അങ്ങനെ നൂറുകോടി കൊടുത്ത് പിടിച്ചെടുക്കുകയാണെങ്കില്‍, ഒന്നുകില്‍ മുഖ്യമന്ത്രിയാകണം. അല്ലെങ്കില്‍ നൂറുകോടി മുടക്കുമ്പോള്‍ 200 കോടി കിട്ടുന്ന ഏതെങ്കിലും വകുപ്പ് കിട്ടണം. അതിനാല്‍, സാമാന്യബുദ്ധിക്ക് നിരക്കാത്ത ഈ വിഷത്തില്‍ വിവാദമുണ്ടായിരിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു.
തോമസ് കെ. തോമസ് കോഴ നല്കാന് സമീപിച്ചെന്ന് പറയപ്പെടുന്ന എംഎല്‍എമാരിലൊരാള്‍ ആന്റണി രാജുവാണ്. താന്‍ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മാത്രമാണ് വിവാദത്തെ കുറിച്ചുള്ള ആന്റണി രാജുവിന്റെ പ്രതികരണം. അതേസമയം, എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ തനിക്ക് ലഭിക്കേണ്ട മന്ത്രിപദവിക്ക് തടയിടാനാണ് ആരോപണം ഉന്നയിക്കുന്നതെന്ന വാദമാണ് തോമസ് കെ. തോമസ് ഉയര്‍ത്തുന്നത്.
Most Read| ജീവിത പ്രതിസന്ധിയിൽ തളരാതെ ഏഴാം ക്ളാസുകാരൻ; എസ് അശ്വിൻ കബഡി കേരളാ ടീമിൽ