വണ്ടിപ്പെരിയാർ: ജീവിത പ്രതിസന്ധിയിൽ തളരാതെ, ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ അഹോരാത്രം പ്രവർത്തിച്ച ഏഴാം ക്ളാസുകാരൻ എസ് അശ്വിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്‌ക്കാരം. കബഡി കളിച്ച് കേരളാ ടീമിൽ വരെ എത്തിനിൽക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
സബ് ജൂനിയർ വിഭാഗം കേരളാ കബഡി ടീമിലാണ് വണ്ടിപ്പെരിയാർ ഗവ.യുപി സ്‌കൂളിലെ ഏഴാം ക്ളാസുകാരൻ എസ് അശ്വിൻ ഇടംനേടിയത്. പോബ്‌സ് ഗ്രൂപ്പിന്റെ നെല്ലിമല എസ്‌റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന സുരേഷിന്റെയും മഹേശ്വരിയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് അശ്വിൻ.
പിതാവ് സുരേഷ് ചെറുപ്പം മുതലേ കബഡി കളിക്കുമായിരുന്നു. ഇതുകണ്ടാണ് അശ്വിനും കബഡിയിലേക്ക് ശ്രദ്ധതിരിക്കുന്നത്. പിന്നീട് അത് പഠിക്കണമെന്ന മോഹമായി. അച്ഛനാണ് അശ്വിന്റെ ആദ്യ പരിശീലകനും. സ്‌കൂൾ മുതൽ സംസ്‌ഥാനതലംവരെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് ഈ മിടുക്കൻ. ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിലും മകന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുകയാണ് സുരേഷും മഹേശ്വരിയും.
ഇരുവരും തോട്ടം തൊഴിലാളികളായിരുന്നു. തോട്ടം മേഖല പ്രതിസന്ധിയിലായതോടെ സുരേഷ് മേസ്‌തിരി പണിയിലേക്ക് തിരിഞ്ഞു. എന്നാൽ, എത്ര കഷ്‌ടപ്പാട് ഉണ്ടെങ്കിലും മക്കളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാനായിരുന്നു സുരേഷിന്റെ തീരുമാനം. ഈ തീരുമാനമാണ് ഇന്ന് അശ്വിനെ കേരള ടീം വരെ എത്തിച്ചത്.
പ്രധാനാധ്യാപകൻ എസ്‌ടി രാജും കായികാധ്യാപകൻ തിരുവനന്തപുരം സ്വദേശി ശ്യാം കുമാറും മറ്റ് അധ്യാപകരും പിതാവും തരുന്ന അകമഴിഞ്ഞ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് അശ്വിൻ പറയുന്നു. വണ്ടിപ്പെരിയാർ സ്‌കൂളിൽ കളിക്കളം പോലുമില്ല. സ്‌കൂളിന്റെ മുറ്റത്താണ് കുട്ടികളുടെ പരിശീലനം. ഇവിടുത്തെ മറ്റൊരു വിദ്യാർഥിയായ ദിനേശ് ജില്ലാ ടീമിൽ ഇടം നേടിയിരുന്നു.
സുരേഷിന്റെ സഹോദരി മഹേശ്വരിയും കബഡിയിൽ സംസ്‌ഥാനതലം വരെ എത്തിയിരുന്നു. കേരളപിറവി ദിനത്തിൽ അശ്വിന് സ്വീകരണം ഒരുക്കാനാണ് സ്‌കൂളിന്റെ തീരുമാനം. വാഴൂർ സോമൻ എംഎൽഎയും കളക്‌ടർ വി വിഘ്‌നേശ്വരിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. അഞ്ചാം ക്ളാസ് വിദ്യാർഥിയായ ആദിത്യനാണ് അശ്വിന്റെ സഹോദരൻ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!