മൊബൈൽ ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാങ്കേതിക സഹായിയായി മാറിയിരിക്കുകയാണ്. ഇന്ന് നമുക്ക് വേണ്ട എല്ലാ സംവിധാനങ്ങളും മൊബൈലിൽ അടങ്ങിയിരിക്കുന്നതിനാൽ ഉറങ്ങാൻ കിടന്നാൽ പോലും അത് കിടക്കയുടെ അരികിൽ നിന്ന് മാറ്റിവെക്കുക എന്നത് ഏറെക്കുറെ ശ്രമകരമായ ഒരു ഉദ്യമം തന്നെയാണ്.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം ലോകത്തെ എല്ലാ പ്രായക്കാരായ ആളുകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ച് നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, തികച്ചും ഞെട്ടിപ്പിക്കുന്നതും ആശ്‌ചര്യപ്പെടുത്തുന്നതുമായ പുതിയ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മൊബൈലിലൂടെ വിരലോടിക്കുന്നവരാണോ നിങ്ങൾ? ചോദിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മിക്കവരും അങ്ങനെയാണ്. എന്നാൽ, ഈ സ്വഭാവം എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത് നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല, ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിതെളിക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
പാറ്റയുടെ വിസർജ്യങ്ങളിൽ കാണപ്പെടുന്ന അപകടകാരികളായ ബാക്‌ടീരിയകൾ മൊബൈൽ ഫോണിലും ഉണ്ടെന്നാണ് മാട്രെസ് നെക്‌സ്‌റ്റ് ഡേ സ്‌പോൺസർ ചെയ്‌ത ഗവേഷണത്തിൽ പറയുന്നത്. നിങ്ങളുടെ കിടക്കയിലെ ഈർപ്പമുള്ള, എന്നാൽ ഊഷ്‌മളമായ സാഹചര്യം ഇത്തരം ബാക്‌ടീരിയകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കും. ഇതോടെ ബാക്‌ടീരിയകൾ അതിവേഗം വളരുകയും ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
സ്യൂഡോമൊണാസ് എയ്‌റുജിനോസ ബാക്‌ടീരിയ
മൊബൈൽ ഫോണിൽ കാണപ്പെടുന്ന ബാക്‌ടീരിയകൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ ഗവേഷകർ പത്ത് ഫോണുകളിൽ നിന്നായി സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു. പത്ത് സ്‍മാർട്ട് വാച്ചുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.
തുടർന്ന് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, സ്യൂഡോമൊണാസ് എയ്‌റുജിനോസ എന്ന ഇനത്തിൽപ്പെട്ട ബാക്‌ടീരിയയാണ് സ്‍മാർട്ട് ഫോണുകളിലും സ്‍മാർട്ട് വാച്ചുകളിലും കണ്ടുവരുന്നതെന്ന് കണ്ടെത്തി. സാധാരണയായി പാറ്റയുടെ വിസർജ്യങ്ങളിലാണ് ഈ ബാക്‌ടീരിയ കണ്ടുവരുന്നത്. ഇതോടെ, അണുക്കളുടെ വിളനിലം എന്നൊക്കെ അറിയപ്പെട്ടിരുന്ന ടിവി റിമോർട്ടിനേക്കാൾ വൃത്തികെട്ട ഇടമാണ് സ്‍മാർട്ട് ഫോണുകളെന്ന് ഗവേഷകർ വിലയിരുത്തി.
ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ
പാറ്റയിലുള്ള ഈ ബാക്‌ടീരിയകൾ, ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം ചൊറിഞ്ഞ് തടിക്കൽ, ന്യൂമോണിയ എന്നിവയ്‌ക്കും ചിലപ്പോഴൊക്കെ സെപ്‌സിസിനും കാരണമാകാറുണ്ട്. ഒരു വ്യക്‌തി, ഒരുദിവസം ശരാശരി 2617 തവണയാണ് തന്റെ മൊബൈൽ ഫോണിൽ സ്‌പർശിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തന്നെ മൊബൈലിനെ പെട്ടെന്ന് വൃത്തിഹീനമാക്കും.
നേരത്തെ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നത്, മൊബൈൽ ഫോണിലെ ബട്ടണുകൾക്ക് ഒരു ടോയ്‌ലറ്റ് സീറ്റിന് ഉൾക്കൊള്ളാവുന്നതിന്റെ പത്തിരട്ടി ബാക്‌ടീരിയകളെ ഉൾക്കൊള്ളാനാകും എന്നാണ്. പാറ്റകളിൽ നടത്തിയ പഠനത്തിൽ എട്ടിൽ ഒരു പാറ്റയിൽ വീതം ഈ അപകടകരമായ ബാക്‌ടീരിയകളെ കണ്ടെത്തിയിരുന്നു.
കിടക്കയിൽ ഫോൺ വെച്ച് കിടന്നുറങ്ങുന്നത് നിങ്ങളുടെ ഫോണിലെ ബാക്‌ടീരിയകൾ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കും. കിടക്കയിലേത് പോലുള്ള ഈർപ്പമുള്ള, ചെറു ചൂടുള്ള ആവാസ വ്യവസ്‌ഥയിലാണ് ഇത്തരം ബാക്‌ടീരിയകൾ തഴച്ചു വളരുക. ഇതാണ് ഇപ്പോൾ കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്നത്. നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രീതികൾ പിന്തുടരുന്നവരാണ് നിങ്ങളെങ്കിൽ കുറച്ചൊക്കെ ഒഴിവാക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉത്തമം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!