കൊണ്ടോട്ടി നെടിയിരുപ്പ് ജിഎൽപി സ്‌കൂളിന് സ്വന്തം സ്‌ഥലം എന്ന വലിയ സ്വപ്‌നം യാഥാർഥ്യമാക്കാനായ സന്തോഷത്തിലാണ് നാടും സ്‌കൂൾ അധികൃതരും. 1914ൽ ആരംഭിച്ച സ്‌കൂളിന് നാട്ടുകാരുടെ സഹകരണത്തോടെയാണ് ഒരു നൂറ്റാണ്ടിനിപ്പുറം സ്വന്തം സ്‌ഥലമാകുന്നത്.
111 വർഷം പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. 2021ലാണ് സ്‌കൂൾ വികസന സമിതി രൂപീകരിച്ച് സ്‌കൂളിന് സ്വന്തമായൊരു ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമിടുന്നത്. ഭൂമി വാങ്ങാൻ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു മുന്നിലെ പ്രധാന വെല്ലുവിളി.
സ്‌ഥലത്തിന് 25 ലക്ഷം രൂപ നഗരസഭ നൽകുമെന്ന് അറിയിച്ചു. ബാക്കി കണ്ടെത്തേണ്ടത് 72.5 ലക്ഷം രൂപയായിരുന്നു. അതെങ്ങനെ കണ്ടെത്തുമെന്ന ആശങ്ക നിലനിൽക്കെയാണ്, കോഴിക്കോട് പാലാഴി സ്വദേശിയായ സ്‌കൂളിലെ അധ്യാപിക ബിന്ദു കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി നൽകിയത്. ബിന്ദു ഇന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപികയാണ്. ഇതോടെ ജനകീയ ഫണ്ട് സമാഹരണത്തിന് തുടക്കമായി.
ശേഷം കണ്ടത് ആ നാട് ഒന്നായി ഈ ദൗത്യം ഏറ്റെടുക്കുന്നതാണ്. പിന്നീട് അങ്ങോട്ട് സഹായധനങ്ങൾ ഒഴുകിയെത്തി. ഒഐസിസി ഗ്ളോബൽ വൈസ് പ്രസിഡണ്ടും പ്രവാസി വ്യവസായിയുമായിരുന്ന പുളിക്കൽ അഹമ്മദ് വല്യാപ്പു 25 ലക്ഷം രൂപ കൈമാറി. മുൻ നഗരസഭാ കൗൺസിലർ പുളിക്കൽ അഹമ്മദ് കബീറും സഹോദരൻമാരായ റസാഖ്, റഷീദലി ബാബു, നസീർ എന്നിവരും ചേർന്ന് 19.5 ലക്ഷം രൂപ നൽകി.
മാത്രമല്ല, ഇവരുടെ പിതാവ് പുളിക്കൽ അവറാപ്പു ഹാജിയുടെ പേരിൽ സ്‌കൂളിൽ ലൈബ്രറി നിർമിച്ച് നൽകുമെന്നും അറിയിച്ചു. ചെറുതും വലുതുമായ സംഖ്യ നൽകിയ സ്‌ഥാപനങ്ങളും വ്യക്‌തികളും സംഘടനകളും ഏറെ. ഒടുവിൽ 72.5 ലക്ഷം രൂപയെന്ന ദൗത്യം നിഷ്‌പ്രയാസം പൂർത്തിയായി. എന്നാൽ, നഗരസഭയുടെ 25 ലക്ഷം ലഭിക്കാൻ സാങ്കേതിക തടസങ്ങൾ ഉണ്ടായി.
എന്നാൽ, കുരുക്കുകൾ അഴിച്ചു കഴിഞ്ഞ ദിവസം സ്‌ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടികളെല്ലാം പൂർത്തിയായി. 20 സെന്റ് സ്‌ഥലമാണ് വില കൊടുത്ത് വാങ്ങിയത്. 15 സെന്റ് ഉടമകൾ സൗജന്യമായി നൽകിയിരുന്നു. ദേശീയ പാതയിൽ നിന്ന് അഞ്ചുമീറ്റർ വീതിയിൽ സ്‌കൂളിലേക്ക് കവാടം നിർമിക്കുന്ന രീതിയിലാണ് സ്‌ഥലം ഏറ്റെടുത്തിട്ടുള്ളത്.
Most Read| ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം







































