സ്വന്തം ഉടുമുണ്ടഴിച്ച് അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന യുവതിയുടെ നഗ്‌നത മറച്ച ഷാജി ഇന്ന് സാമൂഹിക മാദ്ധ്യമങ്ങളിലെ ഹീറോയാണ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ എംആർ. ഷാജിയാണ് നൻമയുടെ പ്രതീകമായി മാറിയത്.
സൈക്കിളിൽ ചായ വിൽപ്പന നടത്തുന്നയാളാണ് ഷാജി. പതിവുപോലെ ചായ വിൽപ്പന നടത്തുന്നനിടെയാണ് തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്ഷൻ ഭാഗത്ത് വലിയ ശബ്‌ദവും കരച്ചിലും കേട്ടത്. ഷാജി സൈക്കിളുമായി ശബ്‌ദം കേട്ട സ്‌ഥലത്തേക്ക് പോയി. ഒരു സ്‌കൂട്ടർ യാത്രക്കാരിയെ സ്വകാര്യ ബസ് ഇടിച്ചിട്ടിരിക്കുന്ന കാഴ്‌ചയാണ് കണ്ടത്.
ഓടിക്കൂടിയവരോടൊപ്പം ചേർന്ന് ഷാജിയും യുവതിയെ ബസിന്റെ മുൻചക്രത്തിനടിയിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടു. രക്‌തത്തിൽ കുളിച്ച്, ധരിച്ചിരുന്ന ചുരിദാറൊക്കെ അരയ്‌ക്ക് താഴെഭാഗം കീറി ഇല്ലാതായ നിലയിലായിരുന്നു. ഷാജി മറ്റൊന്നും നോക്കിയില്ല. ഉടുമുണ്ടഴിച്ച് ആ സ്‌ത്രീയെ ഉടുപ്പിക്കുകയായിരുന്നു.
ആ സ്‌ത്രീയുടെ നഗ്‌നത മറച്ച്, മാനംകാത്ത ഷാജിയുടെ വലിയ മനസിനാണ് ഇന്ന് സമൂഹത്തിന്റെ കൈയ്യടി. 16ആം തീയതി ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു ഈ സംഭവം. പരിക്കേറ്റ സ്‌ത്രീയെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചതും ഷാജിയാണ്.
മുണ്ടില്ലാതെ റോഡിൽ നിൽക്കുകയായിരുന്ന ഷാജിയുടെ അടുത്തേക്ക് സമീപത്തുള്ള മഹാരാഷ്‌ട്ര വസ്‌ത്രാലയത്തിലെ ഉടമയുടെ മകൻ ഒരു പുതിയ മുണ്ടുമായെത്തി. അതുടുത്ത് ഷാജി വീണ്ടും തന്റെ ജോലിയിലേക്ക് കടന്നു. ഷാജിയെ കാണാനും അഭിനന്ദനം അറിയിക്കാനുമായി നിരവധിപ്പേരാണ് എത്തുന്നത്. മുഖ്യമന്ത്രി വിഡി. സതീശനും ഇദ്ദേഹത്തെ കാണാനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































