ദുബായ്: ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അപകടം നടന്ന ദ് കാർ സൂപ്പർ സ്റ്റോർ ഷോറൂമിൽ വീഡിയോഗ്രാഫറായി ജോലി ചെയ്ത് വരികയായിരുന്ന ഷിജിൻ, എട്ടുമാസം മുമ്പാണ് ദുബായിൽ എത്തിയത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. വിവാഹം കഴിഞ്ഞ് ഒരുവർഷം ആകുന്നതേ ഉള്ളൂ. അപകടത്തിൽ ഒരാൾ സംഭവദിവസം തന്നെ മരിച്ചിരുന്നു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. വേനൽച്ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Most Read| എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്




































