വഴിയരികിൽ കുഴഞ്ഞുവീണ സ്‌കൂട്ടർ യാത്രക്കാരന് പുതുജീവനേകി നഴ്‌സായ സിനിമോൾ. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിയോടെ തിരുവനന്തപുരം പോത്തൻകോടിനും വെഞ്ഞാറമൂടിനും മധ്യേയായിരുന്നു സംഭവം.
ഭർത്താവിനും മകൾക്കുമൊപ്പം തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര കിഴക്കേത്തെരുവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിനിമോൾ. ഈ സമയത്താണ് എതിരെവന്ന സ്‌കൂട്ടർ യാത്രക്കാരൻ വീഴുന്നത് കണ്ടത്. യാത്രക്കാരന്റെ മകളും ഒപ്പമുണ്ടായിരുന്നു. സ്‌കൂട്ടർ തെന്നിമറിഞ്ഞതാവാമെന്നാണ് സിനിമോൾ ആദ്യം കരുതിയത്.
ഓടിച്ചെന്ന് സിനിമോൾ യാത്രക്കാരനെ പരിശോധിച്ചു. പൾസ് കിട്ടുന്നില്ല, അദ്ദേഹത്തെ റോഡിൽ കിടത്തി സിപിആർ നൽകാൻ തുടങ്ങി. ഒരു മിനിറ്റ് നീണ്ട സിപിആറിനൊടുവിൽ യാത്രക്കാരന് ബോധം തിരിച്ചുകിട്ടി. പിന്നീടാണ് അദ്ദേഹം കുഴഞ്ഞു വീണതാണെന്ന് മനസിലായത്. ആശുപത്രി കിടക്കയിലെ രോഗികൾക്ക് സാന്ത്വനം പകരുന്ന നഴ്‌സ്, നടുറോഡിൽ ജീവൻ രക്ഷിച്ച കാവൽമാലാഖ ആവുകയായിരുന്നു.
സിനിമോൾ ആ നിമിഷം ആ വഴി വന്നില്ലായിരുന്നെങ്കിൽ ആ യാത്രക്കാരന്റെ ഹൃദയം എന്നന്നേക്കുമായി നിലച്ചേനെ. പുനലൂർ താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്‌സിങ് ഓഫീസറും അണുബാധാ നിയന്ത്രണ യൂണിറ്റിന്റെ ചുമതലക്കാരിയുമാണ് പി. സിനിമോൾ.
Most Read| എബോള വൈറസ് വ്യാപനം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ




































