
നൻമയുടെയും സത്യസന്ധതയുടെയും അടയാളമായി മാറുകയാണ് ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിയായ ഷാജി മാളിയേക്കൽ. നാലാം തവണയും തനിക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചാണ് ഷാജി മാതൃകയാകുന്നത്.
കഴിഞ്ഞദിവസം കോതമംഗലം കുട്ടമ്പുഴയിലെ ബന്ധുവിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാജിയും കുടുംബവും. പെരിയാറിന്റെ തീരത്തെ റിസോർട്ടിൽ നടന്ന ചടങ്ങിനുശേഷം പുഴ കാണാൻ എത്തിയപ്പോഴാണ് വെള്ളത്തിൽ ഒരു തിളക്കം കണ്ടത്.
വെള്ളത്തിൽ ഇറങ്ങി തപ്പിനോക്കിയപ്പോൾ കൈയിൽ കിട്ടിയത് ഒരു സ്വർണമാലയും. മൂന്ന് ലോക്കറ്റോടു കൂടിയ സ്വർണമാല പള്ളിക്കര സ്വദേശി അനിൽ കുമാറിന്റേത് ആയിരുന്നു. ഒരുമാസം മുൻപ് കൂട്ടുകാരോടൊപ്പം കുട്ടമ്പുഴ സന്ദർശിക്കാനെത്തിയ അനിൽകുമാറിന്റെ വാഹനം കുട്ടമ്പുഴ പാലത്തിന് സമീപം ചെളിയിൽ താഴ്ന്നു.
പൊക്കിയെടുക്കാനുള്ള ശ്രമത്തിനിടെ മാല കഴുത്തിൽ നിന്ന് ഊരിപ്പോവുകയായിരുന്നു. പ്രദേശമാകെ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. പിന്നീട് പെയ്ത മഴയിൽ വെള്ളം കുത്തിയൊഴുകി മാല പുഴയിലെത്തിയെന്നാണ് സംശയം. ഈ മാലയാണ് ഷാജിക്ക് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഷാജിക്ക് ആഭരണം ലഭിക്കുന്നത്.
ഷാജി നാട്ടുകാരോടും നവമാദ്ധ്യമങ്ങൾ വഴിയും ഉടമസ്ഥനെ അന്വേഷിച്ചു. വിവരമറിഞ്ഞ അനിൽകുമാർ കൃത്യമായ തെളിവുകളുമായെത്തി. കുട്ടമ്പുഴയിൽ വെച്ച് വനംമന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ഷാജി മാല ഉടമയ്ക്ക് കൈമാറി. നേരത്തെ മൂന്നുതവണയും ഷാജിക്ക് സ്വർണാഭരണം കളഞ്ഞുകിട്ടിയിരുന്നു. ഇത് യഥാസമയം പോലീസ് സ്റ്റേഷനുകളിലും ഏൽപ്പിച്ചിരുന്നു.
Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ





































