ടെഹ്‌റാൻ: ഇസ്രയേലിനെതിരെ ശക്‌തമായ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ഇറാൻ സൈന്യം പങ്കുവെച്ച വീഡിയോ പോസ്‌റ്റിലാണ് ആക്രമണ സൂചനയുള്ളത്. ‘സമയമാകുന്നു’ എന്ന കുറിപ്പോടെയാണ് പോസ്‌റ്റ് പങ്കുവെച്ചത്. ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്‌ടാഗിനൊപ്പമാണ് പോസ്‌റ്റ്.
ഉച്ചയ്‌ക്ക് 1.53ന് പങ്കുവെച്ച 25 സെക്കൻഡുള്ള വീഡിയോ ട്വീറ്റാണ് ചർച്ചയാകുന്നത്. ക്ളോക്കിന്റെ സെക്കൻഡ് സൂചിയുടെ ശബ്‌ദവും ദൃശ്യവുമാണ് വീഡിയോയിൽ ആദ്യം കാണുക. ലോഞ്ച് ചെയ്യാൻ തയ്യാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം ശിക്ഷാനേരം അടുത്തെത്തി എന്ന് ഇംഗ്ളീഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുണ്ട്.
ഓപ്പറേഷൻ ട്രൂ പ്രോമിസ് പോലുള്ള പ്രത്യാക്രമണങ്ങൾ നടത്താൻ ഇറാന് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ പറഞ്ഞിരുന്നു. ഇസ്രയേൽ കടന്നുകയറിയ പലസ്‌തീനിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണമാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ്. ഇത് പരാമർശിച്ചായിരുന്നു ഇറാൻ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.
ദമാസ്‌കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി 300ലേറെ മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഒക്‌ടോബർ ആദ്യം, ഓപ്പറേഷൻ ട്രൂ പ്രോമിസ് 2വിന്റെ ഭാഗമായി ഇസ്രയേലിന്റെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ 200 മിസൈലുകൾ വിക്ഷേപിച്ചിരുന്നു. എന്നാൽ, ഔദ്യോഗികമായി ഇറാൻ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
Most Read| പകർച്ചവ്യാധിയിൽ സംസ്‌ഥാനത്ത് ഞെട്ടിക്കുന്ന കണക്ക്; ഓരോ മാസവും ശരാശരി 48 മരണം








































