കൽപ്പറ്റ: ആരാധനാലയങ്ങളും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചു വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യാസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് പരാതി.
ടി സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ എന്നിവരുൾപ്പടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിൽ എത്തിയത്. ദേവാലയത്തിനകത്ത് വൈദികൻ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചു പ്രചാരണത്തിന് ഉപയോഗിച്ചു.
ആരാധാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനമാണ് പ്രിയങ്ക ഗാന്ധി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ഉപയോഗിച്ചുവെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Most Read| വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി