കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ എൽഡിഎഫും യുഡിഎഫും വയനാട്ടിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോൺഗ്രസ് സഹകരിക്കും.
പുനരധിവാസം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്‌ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.
ദുരന്തബാധിതർക്ക് ഐക്യദാർഢ്യം അറിയിച്ച് ജില്ലയിൽ മുഴുവൻ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി പ്രസന്നകുമാർ, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി വേണുഗോപാൽ കിഴിശേരി എന്നിവർ അറിയിച്ചു. ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പികെ ഹരിദാസ് അറിയിച്ചു.
ദീർഘദൂര സർവീസുകൾ ഉൾപ്പടെ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, പുലർച്ചെയുള്ള ദീർഘദൂര സർവീസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഹർത്താലിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ പോസ്‌റ്റ് ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ധർണ നടത്തുമെന്ന് ജില്ലാ കൺവീനർ പിടി ഗോപാലക്കുറുപ്പ്, ചെയർമാൻ കെകെ അഹമ്മദ് ഹാജി എന്നിവർ അറിയിച്ചു.
തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ഉദ്യോഗസ്‌ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും യുഡിഎഫ് ഭാരവാഹികൾ അറിയിച്ചു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’