പല രൂപത്തിലുള്ള കെട്ടിട നിർമാണങ്ങൾ കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഒരു പൂവൻ കോഴിയുടെ രൂപത്തിലുള്ള കെട്ടിടം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല അല്ലെ! എന്നാൽ അത്തരത്തിലുള്ളൊരു കെട്ടിടമുണ്ട് അങ്ങ് ഫിലിപ്പീൻസിൽ.
കണ്ടാൽ വലിയൊരു പൂവൻ കോഴി നഗരത്തിൽ നിൽക്കുന്നതായെ തോന്നുകയുള്ളൂ. എന്നാൽ, പൂവൻകോഴിയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഒരു വമ്പൻ കെട്ടിടമാണെന്ന് കൂടുതൽ അടുത്തേക്ക് ചെല്ലുമ്പോൾ മനസിലാവും. ഫിലിപ്പീൻസിലെ നെഗ്രോസ് ഓക്‌സിഡന്റൽ പ്രവിശ്യയിലാണ് ഈ നിർമാണ വിസ്‌മയമുള്ളത്.
പൂവൻകോഴിയുടെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം എന്ന ഗിന്നസ് റെക്കോർഡും ഇത് സ്വന്തമാക്കി കഴിഞ്ഞു. 114 അടിക്ക് മുകളിലാണ് കെട്ടിടത്തിന്റെ ഉയരം. 40 അടി വീതിയും 92 അടി നീളവുമുണ്ട്. 15 മുറികളാണ് കെട്ടിടത്തിനുള്ളിലുള്ളത്. ആഡംബര ഹോട്ടലിൽ ഉള്ളപോലെ എസി മുറികളും വലിയ കിടക്കകളും ടിവിയും ഷവറുമെല്ലാം സജ്‌ജീകരിച്ചിട്ടുണ്ട്.
കാംപ്യൂസ്‌റ്റോഹൻ ഹൈലാൻഡ് റിസോർട്ടിന്റെ ഭാഗമാണ് ഈ റൂസ്‌റ്റർ കെട്ടിടം. കെട്ടിടത്തിന് പൂവൻകോഴിയുടെ രൂപം തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ട്. റിസോർട്ടിന്റെ ഡയറക്‌ടറായ റിക്കാർഡോ ടാനിന്റെ ആഗ്രഹപ്രകാരമാണ് വേറിട്ട ആകൃതിയിൽ ഈ കെട്ടിടം എസ്‌റ്റേറ്റിനുള്ളിൽ ഒരുക്കിയത്. കോഴിപ്പോര് നെഗ്രോസ് ഓക്‌സിഡന്റലിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
അതിനാൽ അങ്കക്കോഴിയുടെ രൂപത്തിലുള്ള ഒരു കെട്ടിടം നാടിന് ഏറ്റവും അനുയോജ്യമാകുമെന്ന് അദ്ദേഹം കരുതി. അങ്ങനെ അങ്കവാലും നീളൻ കാലുകളുമൊക്കെയുള്ള കോഴിയുടെ ആകൃതിയിൽ കെട്ടിടം തയ്യാറായി. യഥാർഥ പൂവൻകോഴിയുടെ അതേ നിറത്തിലാണ് കെട്ടിടത്തിന്റെ ഓരോ ഭാഗവും. 2023 ജൂണിലാണ് നിർമാണം ആരംഭിച്ചത്. 14 മാസം കൊണ്ട് നിർമാണം പൂർത്തിയായി.
ഈ വർഷം സെപ്‌തംബറിലാണ് ‘കോഴിക്കെട്ടിടം’ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. റൂസ്‌റ്റർ ബിൽഡിങ്ങിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. പൂവൻകോഴിയുടെ ആകൃതി കൃത്യമായി പകർത്തിയ നിർമാതാക്കളെ പ്രശംസിക്കുന്നവരാണ് ഏറെയും.
Health| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!