കൊച്ചി: കലൂരിൽ പെൺകുട്ടികളെ ഒരുസംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. കമന്റ് അടിച്ചത് ചോദ്യം ചെയ്‌തതിനായിരുന്നു ആക്രമണം.
പെൺകുട്ടികളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്‌ക്ക് പിടിച്ചു നിലത്തടിക്കുകയും ചെയ്‌തുവെന്നുമാണ് പരാതി. സാരമായി പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ രണ്ട് പെൺകുട്ടികൾ പുലർച്ചെ നാലുമണിക്ക് ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ആറ് പുരുഷൻമാരും രണ്ട് സ്‌ത്രീകളും അടക്കം എട്ടുപേർ സംഘം ചേർന്ന് നിൽക്കുകയായിരുന്നു. പെൺകുട്ടികൾ നടന്നുപോകുമ്പോൾ ലൈംഗിക ചുവയോടെ ഇവർ കമന്റടിക്കുകയായിരുന്നു.
പിന്നാലെ വേഗത്തിൽ നടന്ന പെൺകുട്ടികളെ സംഘം പിന്തുടർന്ന് ചീത്ത വിളിക്കുകയും സംഘത്തിലെ യുവതികളിൽ ഒരാൾ പെൺകുട്ടികളോട് തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്‌തു. പെൺകുട്ടികൾ ഇത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിൽ ഒരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്‌ക്ക് പിടിച്ച് നിലത്തടിക്കുകയും ചെയ്‌തുവെന്നുമാണ് പരാതി.
എറണാകുളം നോർത്ത് പോലീസിലാണ് പെൺകുട്ടികൾ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ സംഭവം നടന്ന പരിസരത്ത് തന്നെ താമസിക്കുന്നവരായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read| ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ




































