കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും

106ആം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിൽ സ്‌പെയിനിന്റെ വിധിയെഴുതിയത്.

By Senior Reporter, Malabar News
spain football team
Spain Team (Image Courtesy: Instagram)

ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ്‌ സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്‌പാനിഷ്‌ സംഘം മടങ്ങി.

106ആം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിൽ സ്‌പെയിനിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് ഗോൾവലയിലെത്തിച്ചത്. കിരീടമുയർത്തി ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സ്‌പെയിൻ വീണ്ടും ലോക ചാംപ്യൻമാരാകുന്നത്.

മൈതാനം മുഴുവൻ സ്‌പെയിൻ നിറഞ്ഞു കളിച്ചപ്പോൾ മൽസരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലാതായി. മെസ്സിയെ കുരുക്കിലാക്കിയായിരുന്നു സ്‌പാനിഷിന്റെ ഓരോ നീക്കവും. അതിൽ അവർ വിജയിക്കുകയും ചെയ്‌തു. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്‌ക്ക് സ്‌പെയിൻ പോസ്‌റ്റ് ലക്ഷ്യമാക്കി അടിക്കാനായത്.

ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്‌പാനിഷ്‌ ടീമിന്റെ ഒത്തിണക്കവും മറികടക്കാൻ അർജന്റീനയ്‌ക്കായില്ല. നിശ്‌ചിത സമയത്തും ഇൻജറി ടൈമിലും ഒരു ഷോട്ടുപോലും അടിക്കാൻ അർജന്റീന താരങ്ങൾക്കായില്ല. ഇൻജറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തുപേരായി ചുരുങ്ങി.

മെസ്സിയെയും സംഘത്തെയും പ്രതിരോധത്തിൽ ആക്കിയായിരുന്നു സ്പെയിനിന്റെ പോരാട്ടം. മെസ്സിക്ക് പന്ത് പോലും കിട്ടാത്ത സ്‌ഥിതിയിലേക്കും കാര്യങ്ങളെത്തി. അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റത്തിൽ അർജന്റീന ഒന്ന് ഞെട്ടിയിരുന്നു. എന്നാൽ, ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ എത്തിയ സ്‌പാനിഷ്‌ മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു.

രണ്ടാം പകുതിയിലും സ്പെയിനിന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടി. 106ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ഗോൾ വല കുലുക്കിയതാണ് സ്‌പെയിനിന്റ ചരിത്രം കുറിച്ചത്. അതോടെ സ്‌പെയിൻ മുന്നിലെത്തി. തിരിച്ചുവരാൻ അർജന്റീനയ്‌ക്ക് കഴിഞ്ഞതുമില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി. രണ്ടാം ലോകകിരീടവുമായി സ്‌പെയിൻ ചരിത്രത്തിലേക്ക് കുതിച്ചു.

ലോകഫുട്‍ബോളിന്റെ കളിത്തൊട്ടിലാണ് സ്‌പെയിൻ. ലോകോത്തര താരങ്ങൾ വളർന്നുവന്ന പ്രദേശം. മെസ്സി കളിച്ച് തെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്‌പാനിഷ്‌ ക്ളബായ ബാഴ്‌സലോണയിലാണ്. സ്‌പാനിഷ്‌ ശൈലിയെ മനഃപാഠമാക്കിയ മെസ്സിയെ തളയ്‌ക്കുക എന്നതായിരുന്നു സ്‌പാനിഷ്‌ ടീമിന്റെ അജൻഡകളിലൊന്ന്. അത് പൂർണവിജയം.

നീണ്ട 60 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോകവേദിയിൽ ഇവർ ഏറ്റുമുട്ടിയത്. 1966ലെ ഇംഗ്ളണ്ട് ലോകകപ്പിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒരു ലോകകപ്പിൽ ഏറ്റുമുട്ടിയത്. അന്ന് ഗ്രൂപ്പ് മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന സ്‌പെയിനെ പരാജയപ്പെടുത്തിയിരുന്നു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE