തിരുവനന്തപുരം: മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്ന് സമരസമിതിക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. ആരെയും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി മുൻ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സമരസമിതിയെ അറിയിച്ചു.
നോട്ടീസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും പ്രശ്‌നങ്ങളും കമ്മീഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും.
നിൽവിലെ താമസക്കാരുടെ അവകാശങ്ങൾ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരും. നികുതി അടക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്‌റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.
വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































