ജറുസലേം: ലെബനൻ സായുധസംഘമായ ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ. ലബനനിൽ വെടിനിർത്തലിലേക്ക് നീങ്ങുകയാണെന്ന് ഇസ്രയേൽ സർക്കാർ വക്‌താവ് അറിയിച്ചു. വിഷയത്തിൽ ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കും.
ചില തടസങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസത്തിനകം വെടിനിർത്തൽ ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേൽ അംബാസിഡർ മൈക്കിൾ ഹെർസോഗ് പറഞ്ഞു. ലബനനും ഇസ്രയേലും വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. എന്നാൽ, കരാറിന്റെ വിശദാംശങ്ങൾ വ്യക്‌തമാക്കിയിട്ടില്ല.
യുഎസ് തയ്യാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്‌ച വൈറ്റ് ഹൗസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്‌തമാക്കി. ലബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറാനും ലബനൻ- ഇസ്രയേൽ അതിർത്തിയിൽ 2006ലെ യുഎൻ രക്ഷാസമിതി പ്രമേയം അനുസരിച്ചുള്ള സമാധാന സേനയുടെ കാവൽ തുടരാനുമാണ് യുഎസ് നിർദ്ദേശം.
എന്നാൽ, സുരക്ഷാപ്രശ്‌നം ഉണ്ടായാൽ ലബനനിൽ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഹിസ്ബുല്ല 160 മിസൈലുകൾ ഇസ്രയേലിന്റെ നേർക്ക് തൊടുത്തിരുന്നു. തലസ്‌ഥാനമായ ടെൽ അവീവ്, തെക്കൻ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഉയർന്ന പ്രഹരശേഷിയുള്ള ഡ്രോണുകളും തൊടുത്തുതായി റിപ്പോർട്ടുകളുണ്ട്. 11 പേർക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നുമാണ് വിവരം.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി