ന്യൂഡെൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സംഭവത്തിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
”അദാനിക്കെതിരായ കേസ് വ്യക്തിയും യുഎസ് നിയമവകുപ്പും തമ്മിലുള്ളതാണ്. കേസെടുക്കുമെന്ന കാര്യം ഇന്ത്യയെ യുഎസ് അറിയിച്ചില്ല. അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട വിദേശ സർക്കാരിന്റെ ഏതൊരു അഭ്യർഥനയും പരസ്പര നിയമസഹായത്തിന്റെ ഭാഗമാണ്. എങ്കിലും അതെല്ലാം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. അദാനി കേസുമായി ബന്ധപ്പെട്ട് യുഎസിൽ നിന്ന് ഇതുവരെ അഭ്യർഥനയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇന്ത്യൻ സർക്കാർ നിലവിൽ ഇതിന്റെ ഭാഗമല്ല”- രൺധീർ പറഞ്ഞു.
ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലാണ് യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി