സിംഗപ്പൂർ: ലോക ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഡി. ഗുകേഷ്. ചാംപ്യൻഷിപ്പിലെ 14ആംമത്തേയും അവസാനത്തെയും മൽസരത്തിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോക ചെസ് കിരീടം ചൂടിയത്.
ഇതോടെ ലോക ചെസ് ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരനായ ഗുകേഷ്. ആകെയുള്ള 14 ഗെയിമുകളിൽ നിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5-6.5 എന്ന സ്‌കോറിലാണ് ഡിങ് ലിറനെ വീഴ്‌ത്തിയത്‍. 14 ഗെയിമുകളിൽ നിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാവുക. ഇത്തവണ വാശിയേറിയ പോരാട്ടത്തിൽ 14ആം ഗെയിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും.
ജയിക്കുന്നവർക്ക് കിരീടം എന്നതായിരുന്നു ഇന്നത്തെ മൽസരത്തിന്റെ ആകർഷണം. എന്നാൽ, ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മൽസരം സമനിലയിലേക്കാണെന്ന തോന്നലുയർന്നു. ഇതോടെ ഇത്തവണ ലോക ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവ് മുതലെടുത്ത് ഗുകേഷ് വിജയകിരീടം പിടിച്ചെടുത്തത്.
വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. നിലവിൽ റാങ്കിങ്ങിൽ ഗുകേഷ് അഞ്ചും ലിറൻ 23ആം സ്‌ഥാനത്തുമാണുള്ളത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു







































