ന്യൂഡെൽഹി: 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് സ്വന്തമാക്കി. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ്. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീൺ കുമാർ എന്നിവർ ഖേൽരത്‌ന പുരസ്‌കാരത്തിനും അർഹരായി.
കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി 17ന് രാഷ്‍ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ് വി രാമസുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്‌തത്.
പാരിസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ മനു ഭാകറെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്‌നയ്‌ക്കുള്ള ശുപാർശയിൽ ഉൾപ്പെടുത്താത്തത് നേരത്തെ വിവാദമായിരുന്നു. അപേക്ഷിച്ചതിൽ പ്രശ്‌നങ്ങൾ ഉള്ളതിനാലായിരുന്നു ശുപാർശ ലഭിക്കാത്തതെന്ന് മനു ഒടുവിൽ പ്രതികരിച്ചിരുന്നു. എന്നാൽ, മനുവിനും പുരസ്‌കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഒളിമ്പിക്‌സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ വെങ്കലം നേടിയ സ്വപ്‌നിൽ കുസാലെയ്‌ക്കും 10 മീറ്റർ എയർ പിസ്‌റ്റൾ വെങ്കല മെഡൽ ജേതാവ് സരബ്‌ജോത് സിങ്ങിനും അർജുന അവാർഡാണ് നൽകിയിരിക്കുന്നത്.
2017ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ളൈസിൽ വെള്ളി നേടിയ മലയാളി താരമാണ് സജൻ പ്രകാശ്. 2016ൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ളൈ, 1500 മീറ്റർ ഫ്രീസ്‌റ്റൈൽ, 4×200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ ഇനങ്ങളിൽ സ്വർണവും നേടിയിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം