ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.40നായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിൽ ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ആസിഫ് അലിയെ നായകനാക്കി 2013ൽ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപിനെ നായകനാക്കി ‘പിക് പോക്കറ്റ്’ എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രോജക്ട് നടന്നില്ല. ഏറെക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. തുടർച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടർന്നിരുന്നു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. കേസിലെ ഒന്നാംപ്രതി സുനിൽ കുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശം ഉണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും കൂടാതെ, ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിൽ ബലാൽസംഗ കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വധശ്രമ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തി. കേസിൽ അന്തിമവാദം കോടതിയിൽ നടക്കുന്നതിനിടെയാണ് പ്രധാന സാക്ഷിയുടെ വിയോഗം.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു







































