ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച കേസിൽ അറസ്‌റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് താരം ജയിൽമോചിതനായത്. ഇന്നലെ രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞ നടൻ, ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്.
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അല്ലു ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. ഇന്നലെ രാത്രി മുഴുവൻ കടുത്ത പ്രതിഷേധവുമായി അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദും ആരാധക കൂട്ടായ്‌മയും ജയിലിന് മുന്നിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ അറസ്‌റ്റിലായ താരത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നെങ്കിലും മണിക്കൂറുകൾക്കുളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഉടൻ പുറത്തേക്ക് ഇറങ്ങാമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി. അറസ്‌റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്.
ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് ഇന്നലെ രാവിലെ അല്ലു അർജുനെ കസ്‌റ്റഡിയിൽ എടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു നടനെ അറസ്‌റ്റ് ചെയ്‌തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് മൂന്നുപേരെ കൂടി തെലങ്കാന പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സന്ധ്യ തിയേറ്റർ ഉടമകളിലൊരാളായ സന്ദീപ്, സീനിയർ മാനേജർ എം നാഗരാജു, സൂപ്പർവൈസർ ഗന്ധകം വിജയ് ചന്ദർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായത്.
ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പമാണ് രേവതി ചിക്കഡ്‌പള്ളിയിലുള്ള തിയേറ്ററിൽ രാത്രി സിനിമ കാണാനെത്തിയത്. ഈ മാസം നാലിനാണ് അല്ലു അർജുൻ തിയേറ്ററിൽ എത്തിയത്.
പത്തരയോടെ ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. ശ്വാസംമുട്ടി തളർന്നു വീണ സ്‌ത്രീക്ക് പ്രാഥമിക ചികിൽസ നൽകിയെങ്കിലും ഫലമുണ്ടായില്ല. നടൻ വരുന്ന കാര്യം തിയേറ്റർ അധികൃതർ നേരത്തെ അറിയിക്കുകയോ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്‌തിരുന്നില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് അല്ലു അർജുനെയും തിയേറ്റർ ഉടമകളെയും പ്രതിചേർത്ത് പോലീസ് കേസെടുത്തത്.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി