മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടിപി നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ വിഷ്‌ണു എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഇവർ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്ന വിലയിരുത്തലിലാണ് പോലീസ്. കേസിൽ ഇന്നലെ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ് (25), അഭിരാം കെ സുജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്‌പെക്‌ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
ബെംഗളൂരുവിൽ നിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദും അഭിരാമും പിടിയിലായത്. ഇരുവരെയും എസ്‌സി/ എസ്‌ടി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാൻഡ് ചെയ്‌തു.
മാനന്തവാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്‌ച പട്ടികജാതി- പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്‌എംഎസ്) പോലീസിന് കൈമാറി. എസ്‌എംഎസ് ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംകെ സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.
വയനാട് മാനന്തവാടി കൂടൽകടവ് ചെമ്മാട് ഉന്നതിയിലെ ആദിവാസി യുവാവ് മാതനെയാണ് കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയത്. ഞായറാഴ്‌ച വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പയ്യംമ്പള്ളി കൂടൽകടവിൽ തടയണ കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
ഇത് തടയാനെത്തിയപ്പോഴാണ് കാറിന്റെ ഡോറിൽ കൈ കുടുക്കി മാതനെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയത്. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. പിന്നീട് കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച സെലേറിയോ കാർ നേരത്തെ മാനന്തവാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. കൈക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ







































