തൊടുപുഴ: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീഖിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് ഏഴ് വർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഷെരീഫിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ അനീഷയ്‌ക്ക് പത്തുവർഷം തടവും വിധിച്ചു.
ഷെരീഫിന്റെ രണ്ടാം ഭാര്യയായ അനീഷ ഷെഫീഖിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി കേസിൽ ശിക്ഷ വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് നാലര വയസുകാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.
വർഷങ്ങൾ നീണ്ട ചികിൽസയ്‌ക്കൊടുവിൽ ഷെഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു. ഇപ്പോൾ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്‌സായ രാഗിണിയാണ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും








































