തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി ജോയ് വിമർശിച്ചു. ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയിയുടെ വിമർശനം.
താൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ഒരു പെട്ടി നിറയെ വസ്‌ത്രങ്ങളും വിദേശ സ്‌പ്രേയും 50,000 രൂപയുമായി മധു കാണാൻ വന്നു, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും ജോയ് പറഞ്ഞു. പാരിതോഷികം നൽകി മധു ഉന്നത സ്‌ഥാനങ്ങൾ നേടിയതായി ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. ഏരിയ കമ്മിറ്റി സെക്രട്ടറി സ്‌ഥാനത്തേക്കുള്ള മൽസരത്തിൽ പരാജയപ്പെട്ടതോടെയാണ് മധു പാർട്ടി വിട്ടത്.
ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു തൊട്ടുപിന്നാലെ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ മധുവിനെ സിപിഎം പുറത്താക്കി. മധുവിന്റെ വിഷയത്തിൽ സംസ്‌ഥാന- ജില്ലാ നേതൃത്വത്തിന് നേരെ രൂക്ഷമായ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉണ്ടായത്.
മധു കഴക്കൂട്ടം വഴി പോയപ്പോൾ വെറുതെ കസേരയിൽ കയറി ഇരുന്നതല്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. ജില്ലാ- സംസ്‌ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധുവിനെ ഏരിയ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല