ജറുസലേം: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയുടെ (61) കൊലപതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വന്നത്.
ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്‌ടോബർ ഏഴിന്, ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ തയ്യാറായിരുന്നില്ല.
ഹമാസിന്റെയും ലബനൻ സായുധ സംഘമായ ഹിസ്ബുല്ലയുടെയും നേതാക്കളെ വധിച്ചതും സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതും ഇസ്രയേലാണെന്നും ഇസ്രയേൽ കട്‌സ് കൂട്ടിച്ചേർത്തു. യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ നേതൃനിരയ്‌ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്നും കട്‌സ് മുന്നറിയിപ്പ് നൽകി.
ടെഹ്റാൻ, ഗാസ, ലബനൻ എന്നിവിടങ്ങളിൽ ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയ, ഉന്നത നേതാവ് യഹ്യ സിൻവർ, ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല എന്നിവരോട് ചെയ്‌തതിന് സമാനമായി അൽ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കുമെന്നും കട്‌സ് വ്യക്‌തമാക്കി. കഴിഞ്ഞ ജൂലൈ 31ന് ഇറാനിൽ വെച്ചാണ് ബോംബ് സ്‌ഫോടനത്തിൽ ഹനിയ കൊല്ലപ്പെട്ടത്.
ഇറാൻ പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടത്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗസ്‌റ്റ് ഹൗസ്. ഇവിടെ സ്‌ഫോടനം നടക്കുകയായിരുന്നു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല