ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. ഗണേശൻ (37) ആണ് പിടിയിലായത്. സർവകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശൻ. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
രണ്ടാമത്തെ പ്രതിയെ കണ്ടെത്താൻ പോലീസ് പരിശോധന തുടരുകയാണ്. രണ്ടുപേരാണ് കേസിലെ പ്രതികൾ. ഗണേശൻ പെൺകുട്ടിയുടെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സർവകലാശാല അധികൃതരും പോലീസും സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സർവകലാശാലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
രണ്ടാംവർഷ വിദ്യാർഥിനിയാണ് ഇന്നലെ ബലാൽസംഗത്തിനിരയായത്. പെൺകുട്ടിയും ആൺസുഹൃത്തും പള്ളിയിൽ നിന്നും തിരികെ എത്തിയപ്പോഴായിരുന്നു സംഭവം. രണ്ടുപേർ ചേർന്ന് ആൺകുട്ടിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു.
ബലാൽസംഗത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 64 (ബലാൽസംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തതായി കൊട്ടൂർപുരം പോലീസ് പറഞ്ഞു. കൊട്ടൂർപുരം അസി. പോലീസ് കമ്മീഷണർ ഭാരതിരാജനും സംഘവുമാണ് കേസന്വേഷിക്കുന്നത്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം







































