കോഴിക്കോട്: അതുല്യപ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പതിനായിരങ്ങൾ നടക്കാവിലെ സിതാരയിലേക്ക് ഒഴുകെയുത്തുകയാണ്. നഷ്ടബോധത്തിന്റെയും ഒറ്റപ്പെടലിന്റെയും നെടുവീർപ്പുകളും നിശ്വാസങ്ങളും സിതാരയിൽ തളംകെട്ടിനിൽക്കുന്നു.
‘കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’ എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ ഇന്ന് സ്മൃതിയിലേക്ക് എരിഞ്ഞടങ്ങും, മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത പൊതു ശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്.
ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് സംസ്കാരം. നാലുമണിവരെ വീട്ടിൽ അന്തോമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനുള്ള രണ്ട് ചൂളകളുമാണ് മാവൂർ റോഡ് ശ്മശാനത്തിൽ പുതുതായി നിർമിച്ചത്.
കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർചിത്രങ്ങളുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എംടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നത് കാലത്തിന്റെ നിയതി മാത്രം.
എംടിക്ക് രാഷ്ട്രീയലോകം അന്തിമപചാരം അർപ്പിക്കുകയാണ്. എംടി ലോകത്തെ ശൂന്യമാക്കിക്കൊണ്ട് വിട പറഞ്ഞിരിക്കുന്നുവെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. താരതമ്യം ചെയ്യാൻ സാധിക്കില്ല. ഒരു യുഗം അവസാനിക്കുന്നു. നാലുകെട്ട് എന്ന ഒറ്റനോവൽ കൊണ്ട് ലോക പ്രസിദ്ധിയാർജിച്ചു. രണ്ടാംമൂഴം മൂലം ഒരു കൃതി അത്യപൂർവം. സിനിമാലോകം കീഴടക്കിയ പ്രതിഭ. നിർമാല്യം എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തെ ഓർമിക്കാൻ. വഴികാട്ടിയായി ലോകത്തിന് മുഴുവൻ മാതൃകയായി നിൽക്കും. തെറ്റായ ഒരു പ്രവണതയ്ക്കും അദ്ദേഹം കൂട്ടുനിന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുസ്മരിച്ചു.
ഭാഷ മരിച്ചാലും മരിക്കാത്ത തരത്തിലുള്ള അമരത്വം നേടിയ ആളാണ് എംടിയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എംടി അനശ്വരനാണെന്ന് കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലയ്ക്കൽ അനുസ്മരിച്ചു. മലയാളത്തിന്റെ അക്ഷര സുകൃതമാണ് എംടിയെന്നും ഇത് യുഗാന്ത്യമാണെന്നും കെബി ഗണേഷ് കുമാറും അനുസ്മരിച്ചു. എംടിയുടെ മൗനം തന്നെ വാചാലമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും രാവിലെ വീട്ടിലെത്തി. മതനിരപേക്ഷത നിലകൊള്ളണമെന്ന് എംടി എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു





































