മൻമോഹൻ സിങ്ങിനെ അനുശോചിച്ച് രാഷ്‌ട്രീയലോകം; ഭൗതികശരീരം  ജൻപതിലെ വസതിയിൽ

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്‌ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിക്കും. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം നാളെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കുക. ഭൗതികശരീരം എഐസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെക്കും.

By Senior Reporter, Malabar News
 Dr. Manmohan Singh
 Dr. Manmohan Singh (Image: Zee Business)

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിനെ അനുശോചിച്ച് രാഷ്‌ട്രീയലോകം. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്‌ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്‌ട്ര തന്ത്രജ്‌ഞനെയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്‌സിൽ കുറിച്ചു.

”ഡോ. മൻമോഹൻ സിങ് സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്‌ധനായിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും അവകാശങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെയാണ് മാറ്റി മറിച്ചത്. രാഷ്‌ട്ര നിർമാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തും. മുതിർന്ന സഹപ്രവർത്തകന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്‌ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു”- ഖർഗെ എക്‌സിൽ കുറിച്ചു.

രാഷ്‌ട്രീയത്തിന്റെ പറുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിയും അനുസ്‌മരിച്ചു. ”രാഷ്‌ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മൻമോഹൻ സിങ്. എതിരാളികൾ നിന്ന് വ്യക്‌തിപരമായി പോലും ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളിൽ നിന്ന് വ്യതിചലിച്ചില്ല. രാജ്യത്തെ യാഥാർഥമായി സ്‌നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നും തലയുയർത്തി തന്നെ നിൽക്കും”- പ്രിയങ്ക എക്‌സിൽ കുറിച്ചു.

ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്‌ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്‌ടമാണെന്ന് കെ സുധാകരൻ പറഞ്ഞു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്‌ക്ക്‌ ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാത ആയിരുന്നുവെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.

അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിങ് ജി ഇന്ത്യയെ നയിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്‌ത്രത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. എനിക്ക് നഷ്‌ടപെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും ആന്നെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

‘നല്ലവനായ ഒരു മനുഷ്യനെ ഓർത്ത് ദുഃഖമാചരിക്കുന്ന രാത്രി’ എന്നാണ് മൻമോഹൻ സിംഗിനൊപ്പമുള്ള മുൻകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശശി തരൂർ എംപി അനുശോചിച്ചത്. ആധുനിക ഇന്ത്യക്ക് പുതുമുഖം നൽകിയ മുൻ പ്രധാനമന്ത്രിയുടെ വിയോഗം വിഷമകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിലെ എത്തിച്ചു. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കൾ ഡെൽഹിയിലേക്കെത്തി. പുലർച്ചയോടെ ഡെൽഹിയിലെത്തിയ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ആദരമർപ്പിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്‌ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിക്കും. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം നാളെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കുക. ഭൗതികശരീരം എഐസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.

Also Read| ഉദാരവൽകരണത്തിന്റെ ഉപജ്‌ഞാതാവ്‌, ഡോ. മന്‍മോഹന്‍ സിങ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE