കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്‌ടിലെ 67ആം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
അശ്‌ളീല ആംഗ്യങ്ങളിലൂടെയും ദ്വയാർഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ഇന്ന് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. 2024 ഓഗസ്‌റ്റിൽ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉൽഘാടനത്തിന് ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പരാതിയിൽ നടി വ്യക്‌തമാക്കിയിട്ടുണ്ട്.
അതിനെത്തുടർന്ന് ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിൽ നിന്ന് താൻ പിൻമാറിയതായും പരാതിയിൽ പറയുന്നു. പിന്നീടും ദ്വയാർഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒരു വ്യവസായിയിൽ നിന്ന് താൻ നിരന്തരം അധിക്ഷേപം നേരിടുന്നുവെന്ന് കാട്ടി സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടതിന് പിന്നാലെ ഹണി റോസ് വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരുന്നു.
തുടർന്ന് നൽകിയ പരാതിയിൽ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കുമ്പളം സ്വദേശി ഷാജിയെയാണ് അറസ്‌റ്റ് ചെയ്‌തത്. എന്നാൽ ഇതിന് ശേഷവും ബോബി ചെമ്മണ്ണൂർ അവഹേളനം തുടർന്നതോടെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്.
Most Read| ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?








































