ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് ജസ്‌റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ട്രൂഡോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജ അനിത ആനന്ദ്. അനിത ഉൾപ്പടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നത്.
കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്‌നാട് സ്വദേശിനിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗത, ആഭ്യന്തര, വ്യാപാര വകുപ്പുകളുടെ മന്ത്രിയാണ്. നേരത്തെ, പ്രതിരോധ മന്ത്രി പദവും വഹിച്ചിരുന്നു. 2019ൽ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച അനിത, ലിബറൽ പാർട്ടിയുടെ ശക്‌തരായ നേതാക്കളിൽ ഒരാളാണ്.
ക്വീൻസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎ, ഓക്‌സ്‌ഫഡ്, ഡൽഹൗസി സർവകലാശാലകളിൽ നിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ മാസ്‌റ്റേഴ്‌സ് എന്നിവ നേടിയ അനിത, ടൊറന്റോയിലെ ഓക്‌സ്‌വില്ലെയെ പ്രതിനിധീകരിച്ചാണ് പാർലമെന്റിലെത്തിയത്.
പബ്ളിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. 2021ലാണ് കാനഡയുടെ പ്രതിരോധ മന്ത്രിയായത്. യുക്രൈൻ- റഷ്യ യുദ്ധത്തിൽ യുക്രൈനിന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. കനേഡിയൻ ആംഡ് ഫോഴ്‌സസിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് വിവാദമായ മന്ത്രിസഭാ പുനഃസംഘടനയിൽ ട്രഷറി ബോർഡിലേക്ക് മാറി. ഡിസംബറിൽ ഗതാഗത മന്ത്രിയായി നിയമിതയായി.
നോവ സ്‌കോഷിയയിലെ കെന്റ്‌വില്ലെയിൽ ജനിച്ച അനിത ആനന്ദനിന്റെ അമ്മ സരോജ് ഡി റാമും അച്ഛൻ എസ്‌വി ആനന്ദും ഡോക്‌ടർമാരാണ്. 1960കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേക്ക് കുടിയേറിയത്. പിന്നീട് ഇവിടെ നിന്ന് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. അന്ന് വെറും 5000 ആളുകൾ മാത്രമുണ്ടായിരുന്ന കെന്റ്‌വില്ലെ എന്ന സ്‌ഥലത്തായിരുന്നു താമസം. ഇവിടെവെച്ച് 1967ൽ ആണ് അനിത ജനിക്കുന്നത്.
പഠനത്തിന്റെ ഭാഗമായി 1985ൽ ടൊറന്റോയിലേക്ക് മാറുകയും ചെയ്‌തു. പഠനവും രാഷ്‌ട്രീയ പ്രവേശനവുമെല്ലാം ഇവിടെവെച്ചായിരുന്നു. 1995ൽ ബിരുദപഠനകാലത്തെ സുഹൃത്ത് ജോണിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 21 വർഷമായി കെന്റ്‌വില്ലെയിൽ താമസിക്കുന്ന ദമ്പതികൾക്ക് നാല് മക്കളുണ്ട്.
അനിതയെ കൂടാതെ മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്‌റ്റിയ ഫ്രീലാൻഡ്, ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണറായിരുന്ന മാർക് കാർണി, ധനമന്ത്രി ഡൊമിനിക് ഡി ബ്ളാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ