ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. ‘ഗോഡ് ഓഫ് ഫ്രീബീസ്’ എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്.
ഓഹരി വിപണിയിലൂടെ വലിയ തുക സമ്പാദിച്ചിട്ടും സൗജന്യ കൂപ്പണുകൾ ഉപയോഗപ്പെടുത്താനും ഓഫറുകൾ നേടാനുമുള്ള അവസരമൊന്നും ഹിരോട്ടോ ഒരിക്കലും പാഴാക്കിയിരുന്നില്ല. 1000ത്തിലധികം കമ്പനികളിൽ ഓഹരികൾ സ്വന്തമായുള്ള ഹിരോട്ടോയ്‌ക്ക് ഏകദേശം 60 കോടി യെൻ (ഏകദേശം 32 കോടി ഇന്ത്യൻ രൂപ) അസ്‌തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഒരു പ്രൊഫഷണൽ ഷോഗി (ജാപ്പനീസ് ചെസ്) കളിക്കാരനായാണ് ഹിരോട്ടോ തന്റെ കരിയർ ആരംഭിച്ചത്. ഷോഗിയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ സെക്യൂരിറ്റീസ് സ്‌ഥാപനത്തിൽ അധ്യാപകനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. ഈ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുന്നത്.
കൃത്യമായ നിരീക്ഷണത്തിലൂടെയും ഓഹരി വിപണിയിലുള്ള വൈദഗ്ധ്യത്തിലൂടെയും പത്ത് കോടി യെൻ (5.2 കോടി രൂപ) അദ്ദേഹം തുടക്കത്തിൽ തന്നെ സമ്പാദിച്ചു. 2024ന്റെ മധ്യത്തോടെ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 60 കോടി യെൻ (32 കോടി രൂപ) ആയി ഉയർന്നു. വലിയ സമ്പത്തുണ്ടായിട്ടും അതി ലളിതമായ ജീവിതമാണ് ഹിരോട്ടോ നയിക്കുന്നത്.
വളരെ ലളിതമായ വസ്‌ത്രങ്ങൾ മാത്രമേ അദ്ദേഹം ധരിക്കുകയുള്ളൂ. ആഡംബര ബ്രാൻഡുകൾ ഒഴിവാക്കി. കൂപ്പണുകൾ ഉപയോഗിച്ച് വാങ്ങിയ ഒരു സൈക്കിളിലാണ് സഞ്ചാരം. ഒരു സ്‌റ്റോർ റൂമിന് സമാനമാണ് അദ്ദേഹത്തിന്റെ വീട്. 2008ലെ ഓഹരി വിപണി തകർച്ചയിൽ വലിയ തുക നഷ്‌ടപ്പെട്ടതോടെയാണ് അദ്ദേഹം ലളിത ജീവിതത്തിലേക്ക് മാറിയതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്‌റ്റ് റിപ്പോർട് ചെയ്‌തത്.
ഇതോടെ പണം ചിലവഴിക്കുന്നത് അദ്ദേഹം കുറച്ചു. ഭക്ഷണം, വസ്‌ത്രം, വിനോദം തുടങ്ങിയ വിവിധ മേഖലകളിലെ പതിനായിരത്തിലധികം കമ്പനികളിൽ നിന്നുള്ള കൂപ്പണുകളും ഓഹരി ഉടമകൾക്കുള്ള ആനുകൂല്യങ്ങളും മാത്രം അദ്ദേഹം ഉപയോഗപ്പെടുത്താൻ തുടങ്ങി. കൂപ്പൺ ഉപയോഗപ്പെടുത്തി വാങ്ങിയ സൈക്കിളിലാണ് ടോക്കിയോയിൽ ഉടനീളം അദ്ദേഹം സഞ്ചരിക്കുന്നത്.
ഭക്ഷണശാലകളിൽ നിന്ന് സൗജന്യ ഭക്ഷണവും കഴിക്കുന്നു. ജിം അംഗത്വം, സിനിമാ ടിക്കറ്റുകൾ, മ്യൂസിക്കൽ പരിപാടികളുടെ ടിക്കറ്റ്, ബഞ്ചീ ജമ്പിങ്, റോളർ കോസ്‌റ്റർ റൈഡുകൾ എന്നിങ്ങനെ സൗജന്യമായി കിട്ടുന്നതെല്ലാം അദ്ദേഹം പ്രയോജനപ്പെടുത്തും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം