ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കുന്ന, സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്ന് മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്നും സുരക്ഷിത അകലത്തേക്ക് മാറ്റിയെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്.
1.5 കിലോമീറ്റർ അകലയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഡോക്കിങ്ങിലേക്ക് കടക്കും. അതേസമയം, പേടകങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം നടത്തുന്ന തീയതിയും സമയവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഡിസംബർ 30നാണ് സ്പേഡെക്സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആർഒയുടെ പിഎസ്എൽവി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒമ്പതാം തീയതിയിലേക്ക് മാറ്റി. എന്നാൽ, ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവെക്കുകയായിരുന്നു.
ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. പേടകങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേർപ്പെടുത്തുന്നതിലും വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































