കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വറിന്റെ നീക്കം.
ഹണി റോസിന്റെ പരാതിയിൽ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹരജി നാളെ പരിഗണിക്കും. ഇന്നലെയാണ് രാഹുലിനെതിരെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ നേരിട്ടെത്തി ഹണി റോസ് പരാതി നൽകിയത്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രാഹുൽ ഈശ്വറിന്റെ പരാമർശങ്ങളോട് പ്രതികരിച്ച നടി ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ വീണ്ടും മൊഴിയെടുക്കാൻ സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു രാഹുൽ ഈശ്വറിനെതിരെ കൂടി പരാതി നൽകിയത്. സാമൂഹിക മാദ്ധ്യമങ്ങളിൽ നടിക്കെതിരെ അശ്‌ളീല കമന്റുകളിട്ട കൂടുതൽ പേർക്കെതിരെയും നടപടികൾ ഉണ്ടായേക്കും.
ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ഒരു ആസൂത്രണ കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും നടി പറഞ്ഞിരുന്നു.
പിന്നാലെയാണ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്‌തതിന് പിന്നാലെ വിചിത്രവാദവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്‌ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്നും രാഹുൽ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.
ബോബിക്കെതിരെ പരാതി നൽകിയത് സംബന്ധിച്ച് ചാനൽ ചർച്ചയിൽ തന്റെ വസ്‌ത്രധാരണത്തെ കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറിന്റെ മുന്നിൽ വരേണ്ട സാഹചര്യമുണ്ടായാൽ താൻ വസ്‌ത്രധാരണത്തിൽ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്‌റ്റ്.
രാഹുൽ ഈശ്വർ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കിൽ തന്റെ നിയന്ത്രണം നഷ്‌ടപ്പെടാതിരിക്കാൻ ക്ഷേത്രത്തിൽ വരുന്ന സ്‌ത്രീകൾക്ക് രാഹുൽ പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക