കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്‌ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി 50,000 രൂപയും അടക്കണം. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
കൊൽക്കത്തയിലെ സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രതി ജൂനിയർ വനിതാ ഡോക്‌ടറെ അക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും കോടതിയിൽ തെളിഞ്ഞിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്‌ജയ് റോയി. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസാണിത്. സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് വിധി പറയുന്നത്.
പെൺകുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്‌റ്റേറ്റിനാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഡോക്‌ടറുടെ കുടുംബത്തിൽ 17 ലക്ഷം രൂപ നഷ്‌ടപരിഹാരം ബംഗാൾ സർക്കാർ നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ, കുടുംബം അത് നിരസിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് മാനസാന്തരത്തിന് അവസരം കൊടുക്കണമെന്ന് കോടതി ഇന്ന് നിരീക്ഷിച്ചു.
ചെയ്‌ത ക്രൂരത കണക്കാക്കുമ്പോൾ വധശിക്ഷ വരെ നൽകേണ്ടതാണെന്ന് ജഡ്‌ജി അനിർബൻ ദാസ് വാക്കാൽ നിരീക്ഷിച്ചു. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്‌ചകൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് ജഡ്‌ജി വ്യക്‌തമാക്കിയിരുന്നു. നിരപരാധിയാണെന്നും കുറ്റം ചെയ്‌തിരുന്നെങ്കിൽ തന്റെ രുദ്രാക്ഷമാല പൊട്ടിപ്പോകുമായിരുന്നുവെന്നും പ്രതി പറഞ്ഞു. യഥാർഥ കുറ്റവാളികൾ പുറത്തുണ്ടെന്നും ഒരു ഐപിഎസ് ഉദ്യോഗസ്‌ഥന് പങ്കുണ്ടെന്നും പ്രതി ആരോപിച്ചു.
കഴിഞ്ഞവർഷം ഓഗസ്‌റ്റ് ഒമ്പതിനാണ് വനിതാ ഡോക്‌ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമാണ് ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സഞ്‌ജയ് റോയിയെ പിറ്റേന്ന് തന്നെ കൊൽക്കത്ത പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഡോക്‌ടർമാർ ജോലി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. തുടർന്നാണ് കോടതി ഇടപെടുന്നതും കേസന്വേഷണം സിബിഐക്ക് കൈമാറുന്നതും. പീഡനവും കൊലപാതകവും നടത്തിയത് ഒരാൾ മാത്രമാണെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്