നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ, അങ്ങ് ജപ്പാനിൽ ഈ മീനിന് ഭയങ്കര ഡിമാൻഡാണ്. റെക്കോർഡ് വിലയിൽ വിൽപ്പന നടക്കുന്ന ഈ മീനിന് അവിടെ വിവിഐപി പരിഗണനയാണ്.
ജപ്പാനിൽ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 11 കോടി രൂപയ്‌ക്കാണ്. നിങ്ങൾ ഒന്ന് ഞെട്ടിക്കാണുമല്ലേ? സംഭവം ഉള്ളതാണ്. 276 കിലോ ഭാരമുള്ള ട്യൂണയാണ് ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്‌ക്ക് വിറ്റുപോയത്. ഒരു മോട്ടോർബൈക്കിന്റെ വലിപ്പവും ഭാരവും ഉണ്ടായിരുന്ന മൽസ്യത്തെ, അമോറിയുടെ വടക്കുകിഴക്കൻ പ്രിഫെക്‌ചറിലെ ഒമാ തീരത്ത് നിന്നാണ് പിടിച്ചത്.
ടോക്കിയോ നഗരത്തിലെ ടൊയോസു മാർക്കറ്റിൽ നടന്ന ലേലത്തിലാണ് ഈ മൽസ്യം റെക്കോർഡ് വിലയ്‌ക്ക് വിറ്റുപോയത്. ജനപ്രിയ റെസ്‌റ്റോറന്റായ ഒനോഡെറ ഗ്രൂപ്പാണ് 207 ദശലക്ഷം യെൻ (1.3 ദശലക്ഷം ഡോളർ അഥവാ 11 കോടി രൂപ) കൊടുത്ത് ട്യൂണയെ സ്വന്തമാക്കിയത്. ഈ വർഷം ജനുവരി അഞ്ചിന് നടന്ന വാർഷിക പുതുവൽസര ലേലത്തിലാണ് ട്യൂണ വിറ്റത്.
ബ്ളൂഫിൻ വിഭാഗത്തിൽപ്പെട്ട ഈ ട്യൂണ ഉപയോഗിച്ചുള്ള വിഭവങ്ങൾ ജപ്പാനിലുടനീളമുള്ള മിഷെലിൻ സ്‌റ്റാർ ജിൻസ ഒനോഡെറ റെസ്‌റ്റോറന്റുകളിലും നദമാൻ റെസ്‌റ്റോറന്റുകളിലും വിളമ്പുമെന്ന് ഒനോഡെറ ഗ്രൂപ്പ് അറിയിച്ചു. ജാപ്പനീസ് വിശ്വാസപ്രകാരം, ട്യൂണ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ട്യൂണ കഴിക്കുന്ന ആളുകൾക്ക് അടുത്തവർഷം മികച്ചതായിരിക്കും എന്നാണ് ഇവർ കരുതുന്നത്.
ഇതിന് മുൻപ് 2019ൽ നടന്ന മറ്റൊരു ലേലത്തിൽ 18 കോടിയിലധികം രൂപയ്‌ക്ക് ട്യൂണ വിറ്റിരുന്നു. ഇതിന് 278 കിലോഗ്രാമായിരുന്നു ഭാരം. ജപ്പാനിലെ സുഷി സൻമായ് റെസ്‌റ്റോറന്റ് ശൃംഖലയുടെ ഉടമസ്‌ഥനായ കിയോഷി കിമുറയാണ് ഈ ട്യൂണയെ വാങ്ങിയത്. ഇദ്ദേഹം പിന്നീട് ‘ട്യൂണ കിംഗ്’ എന്നറിയപ്പെട്ടു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!