തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്‌ഥാന ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്‌ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയേക്കാൾ 30 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
പിപിഇ കിറ്റ് 2020 മാർച്ച് 28ന് 550 രൂപയ്‌ക്ക് വാങ്ങിയെന്നും രണ്ടുദിവസത്തിന് ശേഷം മാർച്ച് 30ന് 1550 രൂപയ്‌ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്‌ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത കമ്പനിയെ തഴഞ്ഞ് ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെയാണ് ഈ ഇടപാട് നടന്നത്. അതിനിടെ വിഷയത്തിൽ വിശദീകരണവുമായി കെകെ ശൈലജ രംഗത്തെത്തി. കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്‌ക്ക് വാങ്ങേണ്ടി വന്നിരുന്നു എന്നാണ് ശൈലജയുടെ വിശദീകരണം.
”സിഎജി റിപ്പോർട് ഞാൻ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്‌തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമർപ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്‌തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്‌തമായ മറുപടി പറഞ്ഞു.
പിപിഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ചു പിപിഇ കിറ്റ് കൂടിയ വിലയ്‌ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകൾ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്‌ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോകില്ല. നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിന്.
ഒരു കമ്പനിയുടെ കൈവശം മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50,000 കിറ്റുകൾ ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സിഎജി റിപ്പോർട് കാണാതെ അതേക്കുറിച്ച് ഞാൻ ഒന്നും പറയില്ല. വിഷയത്തിൽ സർക്കാർ മറുപടി പറയും”- ശൈലജ പറഞ്ഞു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്







































