1958ൽ സ്‌ഥാപിതമായ നാസയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത എത്തിയിരിക്കുകയാണ്. 70 വർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും അധികാരമേറ്റതോടെ നാസയ്‌ക്ക് പുതിയ ഇടക്കാല അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഈ സ്‌ഥാനത്തേക്ക് എത്തിയത് അമേരിക്കൻ എൻജിനീയറും സർക്കാർ ഉദ്യോഗസ്‌ഥയുമായ ജാനറ്റ് പെട്രോയാണ്.
നാസയുടെ 14ആം തലവനായിരുന്ന ബിൽ നെൽസണിന്റെ പിൻഗാമിയായാണ് ട്രംപ് രണ്ടാംവട്ടം അധികാരമേറ്റയുടൻ ജാനറ്റ് പെട്രോയുടെ നിയമനം. ഏഴ് പതിറ്റാണ്ടോളം നീണ്ട നാസയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത അമേരിക്കൻ ബഹിരാകാശ ഏജൻസിയെ നയിക്കാൻ ചുമതലയേൽക്കുന്നത്. നാസയുടെ എല്ലാ പരിപാടികളും ബജറ്റും നിയന്ത്രിക്കുക ഇനി ജാനറ്റായിരിക്കും.
ആരാണ് ജാനറ്റ് ഇ പെട്രോ?
നാസയുടെ ഫ്‌ളോറിഡയിലെ ജോൺ എഫ് കെന്നഡി സ്‌പേസ് സെന്ററിന്റെ 11ആംമത്തെ ഡയറക്‌ടറായി സേവനമനുഷ്‌ഠിചിരുന്ന ജാനറ്റ്, അമേരിക്കയിലെ മിലിട്ടറി അക്കാദമിയിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. യുഎസ് ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി സേവനം ചെയ്‌ത അവർ, മിലിട്ടറി സേവനത്തിന് ശേഷം വിവിധ മാനേജ്‌മെന്റ് സ്‌ഥാനങ്ങൾ വഹിച്ചു.
നാസയിൽ ചേരും മുൻപ് മക്ഡോണൽ ഡഗ്ളസ് എയ്‌റോസ്‌പേസ് കോർപ്പറേഷനിൽ മെക്കാനിക്കൽ എൻജിനിയറായും പെലോഡ് സ്‌പെഷ്യലിസ്‌റ്റായും പ്രവർത്തിച്ചിട്ടുണ്ട്. സ്‌ഥാനമൊഴിയുന്ന ബിൽ നെൽസൺ 2021 ജൂൺ 30നാണ് ജാനറ്റിനെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്റെ തലപ്പത്തെത്തിക്കുന്നത്. അതിനും മുൻപ് ഇവർ കെന്നഡി സ്‌പേസ് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്‌ടർ ആയിരുന്നു.
ബഹിരാകാശ, ഗ്രഹാന്തര പര്യവേഷണങ്ങളിൽ നാസ ഏറെ ശ്രദ്ധിക്കുന്ന കാലയളവിലാണ് ജാനറ്റ് പെട്രോ അതിന്റെ തലപ്പത്തേക്ക് എത്തുന്നത്. നാസയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇനി ജാനറ്റായിരിക്കും. രണ്ടാം ട്രംപ് സർക്കാരിന് കീഴിൽ നാസയുടെ പ്രവർത്തനം എങ്ങനെയായിരിക്കും എന്നത് ലോകം ഉറ്റുനോക്കുകയാണ്. ഇടക്കാലത്തേക്കാണെങ്കിലും ജാനറ്റിന്റെ പ്രവർത്തനത്തിൽ എല്ലാവരും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. 2018ൽ ജാനറ്റിനെ ഫ്‌ളോറിഡ ഗവർണർ, ഫ്‌ളോറിഡ വിമൺ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്