ന്യൂഡെൽഹി: ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ അത്യന്തിക അടിത്തറയാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. സഹസ്രാബ്‌ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നുവെന്നും 76ആംമത് റിപ്പബ്ളിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‍ട്രപതി പറഞ്ഞു.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലായ്‌പ്പോഴും നമ്മുടെ നാഗരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിൽ ഒന്നാണ് ഇന്ത്യയിലേത്. അറിവിന്റെയും ജ്‌ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകത്ത് പ്രസിദ്ധമായിരുന്നു- രാഷ്‍ട്രപതി പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഭരണത്തിലെ സ്‌ഥിരതയെ പ്രോൽസാഹിപ്പിക്കാനും നയപരമായ സ്‌തംഭനാവസ്‌ഥ തടയാനും സാമ്പത്തിക ഭാരം കുറയ്‌ക്കാനും ഒരുപരിധി വരെ കഴിയും. ധീരവും ദീർഘവീക്ഷണമുള്ളതുമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ വരും വർഷങ്ങളിലും പുരോഗതിയുടെ ഈ പ്രവണതയെ നിലനിർത്തും.
ക്ഷേമം എന്ന ആശയത്തെ ഈ സർക്കാർ പുനർനിർവചിച്ചു. അടിസ്‌ഥാന ആവശ്യങ്ങൾ അവകാശമാക്കി. കൊളോണിയൽ ചിന്താഗതി മാറ്റാനുള്ള യോജിച്ച ശ്രമങ്ങൾക്കും നാം സമീപകാലത്ത് സാക്ഷ്യം വഹിച്ചു. ക്ഷേമ സംരംഭങ്ങൾ, കാലാവസ്‌ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ, ഭരണം പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങൾ എന്നിവയെ കുറിച്ചും രാഷ്‍ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
റിപ്പബ്ളിക് ആഘോഷങ്ങൾക്ക് രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഞായറാഴ്‌ച കർത്തവ്യപഥിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ഇന്തോനീഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയാകും. പരേഡുകളും വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിശ്‌ചല ദൃശ്യങ്ങളും റിപ്പബ്ളിക് ദിന പരേഡിന് മാറ്റേകും.
സുവർണ ഭാരതം, പൈതൃകവും വികസനവും എന്നതാണ് ഈ വർഷത്തെ നിശ്‌ചല ദൃശ്യങ്ങളുടെ പ്രമേയം. 15 സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇത്തവണ പരേഡിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്‌ഥാനം കനത്ത സുരക്ഷയിലാണ്. പാർലമെന്റ് ഉൾപ്പടെ ഡെൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, 2025ലെ പത്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ നൽകി. ഹോക്കി താരം പിആർ ശ്രീജേഷിനും നടി ശോഭനയ്‌ക്കും പത്‌മവിഭൂഷൺ. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്‌മശ്രീയുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്‌ജൻ വേലു ആശാൻ, പാരാ അത്‌ലറ്റ് ഹർവീന്ദ്രർ സിങ്, നാടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പടെ 31 പേരാണ് പത്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്.
Most Read| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്