മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും കണ്ടെന്ന് പറയുന്നുണ്ടെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം ഇന്നും കടുവയ്‌ക്കായി തിരച്ചിൽ നടത്തും. മയക്കുവെടി വെയ്‌ക്കാനും, അവശ്യ സാഹചര്യത്തിൽ വെടിവെയ്‌ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്‌ജീകരണങ്ങൾ സഹിതമാണ് തിരച്ചിൽ. രണ്ടു വാക്കി ടോക്കികൾ, 38 ക്യാമറ ട്രാപ്പുകൾ, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
അതിനിടെ, വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം ചർച്ച ചെയ്യും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. രാവിലെ 11ന് വയനാട് കളക്‌ട്രേറ്റിലാണ് യോഗം. ജില്ലാ കളക്‌ടർ, പോലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അതിനിടെ, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു. രാധയുടെ കുടുംബത്തിന് നഷ്‌ടപരിഹാരത്തിലെ ബാക്കി തുക നൽകാനും തീരുമാനമായിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ബുധനാഴ്‌ച ബാക്കി തുക രാധയുടെ കുടുംബത്തിന് കൈമാറും. 11 ലക്ഷം നഷ്‌ടപരിഹാര തുകയിൽ നിന്ന് അഞ്ചുലക്ഷം രാധയുടെ കുടുംബത്തിന് കൈമാറിയിരുന്നു.
അതേസമയം, കൂടരഞ്ഞിയിൽ ഇന്നലെ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നുവിടുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. പുലി പൂർണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി. എന്നാൽ, കടുവാ ഭീതിയെ തുടർന്ന് വയനാട്ടിൽ ജനം പ്രകോപിതനായ സാഹചര്യത്തിൽ പുലിയെ തുറന്നുവിടാനുള്ള തീരുമാനം ഉടനുണ്ടാകില്ലെന്നും സൂചനയുണ്ട്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും








































