കടുവ കാണാമറയത്ത്; നാലിടങ്ങളിൽ കർഫ്യൂ, വെടിവെയ്‌ക്കാൻ ഉത്തരവ് നൽകുമെന്ന് വനംമന്ത്രി

നാളെ രാവിലെ ആറുമണി മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി, മേലേചിറക്കറ, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്‌ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്.

By Senior Reporter, Malabar News
MalabarNews_tiger
Representation Image
Ajwa Travels

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണി മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി, മേലേചിറക്കറ, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.

കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്‌ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കടുവ പ്രദേശത്ത് തന്നെ ഉണ്ടെന്നാണ് വനംവകുപ്പിന്റെ അനുമാനം.

അതേസമയം, പഞ്ചാരക്കൊല്ലിയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ നരഭോജി കടവയായി പ്രഖ്യാപിച്ച് വെടിവെയ്‌ക്കാൻ ഉത്തരവ് നൽകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങൾ ഹോട്‌സ്‌പോട്ടാക്കി നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാൻ അന്തർ സംസ്‌ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കുമെന്നും അന്തർ സംസ്‌ഥാനത്തെ മന്ത്രിതല കൗൺസിൽ യോഗം അടിയന്തിരമായി ചേരുമെന്നും മന്ത്രി അറിയിച്ചു. വനമേഖലയിലെ നിരീക്ഷണം ശക്‌തിപ്പെടുത്താൻ വനം, പോലീസ്, സന്നദ്ധസേന വളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്തി ശക്‌തിപ്പെടുത്തും.

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്‌ക്കായുള്ള തിരച്ചിലിന് എട്ടുപേർ അടങ്ങുന്ന പത്ത് ടീമുകളായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തുന്നത്. പ്രശ്‌നബാധിത സ്‌ഥലങ്ങളിൽ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കാൻ പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും നിരീക്ഷണ ക്യാമറകൾ എത്തിക്കും.

മരണപ്പെട്ട രാധയുടെ ആശ്രിതർക്ക് താൽക്കാലിക ജോലിക്കായുള്ള നിയമന കത്ത് മന്ത്രി നേരിട്ടെത്തി കൈമാറി. ഫെബ്രുവരി ഒന്നിന് ജോലിയിൽ പ്രവേശിക്കും വിധമാണ് നിയമനം നൽകുക. കുടുംബത്തിനുള്ള ധനസഹായ തുകയിൽ നിന്ന് അഞ്ചുലക്ഷം രൂപ ഈ മാസം 29ന് കൈമാറുമെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്‌ടർ, പോലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതിനിടെ, കടുവ കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രി എകെ ശശീന്ദ്രനെ നാട്ടുകാർ തടഞ്ഞു. കനത്ത പ്രതിഷേധത്തിനിടെ വൻ പോലീസ് സന്നാഹം ഏറെ പണിപ്പെട്ടാണ് രാധയുടെ വീട്ടിലേക്ക് മന്ത്രിയെ എത്തിച്ചത്. രാധയുടെ വീട് എത്തുന്നതിന് അൽപ്പദൂരം മുൻപായി നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE